Followers

Saturday, June 27, 2020

കഥ :-പച്ചക്കല്ലു മൂക്കൂത്തി



കഥ :-പച്ചക്കല്ലു മൂക്കൂത്തി 

നിന്നെ കാണാൻ ഇന്ന് മിനിമോൾ  വരുന്നുണ്ടെന്ന് എന്നെ വിളിച്ച്    പറഞ്ഞിരുന്നു

ഗിരീഷിനെ കട്ടലിൽ  തലയിണ വെച്ച് ചാരി ഇരുത്തുന്നതിനിടയിൽ അവന്റെ അമ്മ ജാനു പറഞ്ഞു 

എന്തിനാ ഇനി  അവൾ വരുന്നത് 
അവൾക്ക് മതിയായില്ലേ  ...?എന്നെ ജീവച്ഛവം പോലെ ആക്കിയിട്ടും ...?

അത് പറയുമ്പോൾ അവന്റെ  ശബ്ദത്തിൽ  ഒരു വിറയൽ പടർന്നിരുന്നു 

ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അവൾക്ക് 
ഒരുപാട് വിഷമമുണ്ടന്നാണ് തോന്നുന്നത് .
അവളുടെ കല്യാണം തീരുമാനിച്ചു എന്നാ പറഞ്ഞേ.
അവൾക്ക് നിന്നോട് എന്തോ പറയണമെന്ന്.

പാലും പഞ്ചസാരയും തേങ്ങ ചിരകിയതും ചേർത്ത 
പൊടിയരി പായസം ഇളക്കി തണുപ്പിച്ചു കൊണ്ട് അമ്മ തുടർന്നു   

വേണ്ട അവൾ ഇങ്ങോട്ടു വരികയേ വേണ്ട  എനിക്ക് ഇനി അവളെ കാണുകയും വേണ്ട .

പിന്നെ അമ്മ അവനോടൊന്നും  പറഞ്ഞില്ല .
അമ്മ സ്പൂണിൽ കോരി തരുന്ന പൊടിയരിപ്പായസത്തിനൊപ്പം  തന്റെ  
വേദനയും അവൻ  കടിച്ചിറക്കി 

മോനെ സംഭവിക്കാൻ ഉള്ളതൊക്കെ  
സംഭവിച്ചു. എന്റെ  കുട്ടി ആരോടും ഒരു ദേഷ്യവും മനസ്സിൽ വെയ്ക്കണ്ട 

അടുത്ത് വച്ചിരുന്ന സ്റ്റീൽ ചരുവത്തിൽ കൈ മുക്കി ഗിരീഷിന്റെ  വായും മുഖവും തുടച്ചു കൊണ്ട്  അമ്മ പറഞ്ഞു 
 
കിടക്കണോ മോനേ ...?
വേണ്ട അമ്മേ ഞാൻ കുറച്ചു നേരം ഇങ്ങനെ ചാരി ഇരിക്കട്ടെ 

ഗിരീഷ്  ജന്നലിലൂടെ വെറുതെ പുറത്തേക്ക് നോക്കി ചാരി ഇരുന്നു  

താഴെ പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾ ചേറിൽ നിന്ന് ഞാറു പറിച്ചു നടുന്നിടത്തു തന്റെ കണ്ണുകളെ ഉപേക്ഷിച്ചു അവന്റെ മനസ്സ് ഓർമ്മകളിലേക്കു മടങ്ങി ....

ഏകദേശം ഒന്നര വർഷങ്ങൾക്കു മുൻപാണ് ഗിരീഷ് തന്റെ ലേഡീസ് സ്റ്റോറിൽ വെച്ച് മിനിമോളെ ആദ്യമായി കാണുന്നത്   

ചേട്ടാ നിങ്ങടെ  കടയിൽ ഒട്ടു മൂക്കുത്തിയുണ്ടോ ?

രാവിലെ കടയുടെചില്ലുകൾ തുടച്ചുകൊണ്ട് നിന്ന ഗിരീഷിനോട്   അവൾ ചോദിച്ചു.

അകത്ത് കയറി നോക്കിക്കോളൂ ഞാനിപ്പോൾ വരാം.
കടയുടെ അകത്തേക്ക്‌ നടന്ന അവളെ അവൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു .

മഞ്ഞ കളറിലെ ഒരു പട്ടുപാവാടയും ബ്ലൗസും 
ആണ് അവൾ ഇട്ടിരുന്നത് .കുളിച്ചു തോർത്തിയ നീളന് മുടിയിൽ കുളി പിന്നൽ പിന്നി പിച്ചിപ്പൂ വെച്ചിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ  ഒരു ശാലീന സൗന്ദര്യം അവൾക്ക് ഉണ്ടെന്ന് അവന്  തോന്നി 

അവൻ  കൈ കഴുകി ചെല്ലുമ്പോൾ അവൾ   കമ്മലും മാലയും ഒക്കെ തിരയുന്ന തിരക്കിലായിരുന്നു.  

ഇവിടെ എന്തൊക്കെ വെറൈറ്റി കമ്മലും  മാലയുമാണ് 

നല്ല പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന ലാഘവത്തിലായിരുന്നു അവളുടെ  സംസാരം. 

ഒട്ടു മൂക്കൂത്തി കിട്ടിട്ടോ .ഈ പച്ച  
മാലയ്ക്ക് ചേരുന്ന പച്ച   കമ്മലും മൂക്കൂത്തിയും  ഉണ്ടോ?

പച്ച കല്ലുമാല ഉയർത്തി കാണിച്ചു കൊണ്ട് അവൾ ചോദിച്ചു ..,,

ഇല്ല കുട്ടി  അതിൻറെ സ്റ്റോക്ക് തീർന്നു... 

അവൻ  അവിടെ ഒന്ന്  തിരഞ്ഞിട്ട് പറഞ്ഞു 

ഇനി എപ്പോ വരും ..?എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
പിന്നെ എന്റെ പേര് കുട്ടി എന്നല്ല മിനിമോൾ എന്നാട്ടോ  ...

ചിരിച്ചു കൊണ്ട് അവളത് പറയുമ്പോഴാണ് അവളുടെ ഇടതു വശത്തെ ഇടം പല്ല് അവൻ  ശ്രദ്ധിച്ചത് 

അവൻ  ശ്രദ്ധിച്ചെന്നു മനസ്സിലാക്കിയ അവൾ പെട്ടന്ന് തന്നെ ചുണ്ടുകൾ കൂട്ടി ചിരി അടക്കി ....

ഇനി എപ്പോ കൊണ്ടുവരും ..?

രണ്ട് ദിവസം കഴിഞ്ഞു 

 അപ്പൊ ഞാൻ വരാം ...

ആദ്യമായിട്ടാണോ  ഈ കടയിൽ മിനിമോൾ വരുന്നത്..?
  

അതേ ആദ്യമായിട്ടാണ്.എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു ലേഡീസ് സ്‌റ്റോർ ഉണ്ടായിരുന്നു.  അവിടെയാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത് .അത് ഇപ്പൊ പൂട്ടിപ്പോയി ...

 എന്തു ചെയ്യുന്നു ഇയാള് ..?

ദേ  ...ഈ കോളേജിൽ ഡിഗ്രി  സെക്കൻഡ് ഇയർ    പഠിക്കുന്നു  .റോഡിന് അപ്പുറത്തുള്ള   കോളേജിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു .

പച്ച കല്ല് മൂക്കൂത്തി വരുമ്പോൾ മാറ്റി വെച്ചേക്കണൊട്ടോ ....  തന്റെ പാവാട കുറച്ചു ഉയർത്തി കടയുടെ ചവിട്ട് പടികൾ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു .

എടുത്തു വച്ചേക്കാം ....
 
പിന്നീട് ഇടയ്ക്കിടയ്ക്ക് അവൾ കടയിൽ  വരും .അവളുടെ നിഷ്കളങ്കമായ സംസാരവും ശലീനതയുമാണ് അവനെ ഏറെ അവളിലേക്ക്‌ ആകർഷിച്ചിരുന്നത്.

 പിന്നീട് അവളുടെ കടയിലേക്കുള്ള സന്ദർശനം പതിവായി ഒരോ ദിവസം കഴിയുന്തോറും അവർ  തമ്മിലുള്ള അടുപ്പം വർദ്ധിച്ചു 

അവളെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളിൽ അവന്റെ 
ജീവിതം മുന്നോട്ട് നീങ്ങി 

അവൻ  വരുന്നതും കാത്ത് ഓടിട്ട വീടിന്റെ  വരാന്തയിൽ  അവൾ തന്നെ കാത്തുനിൽക്കുന്നതും ... നിലാവുള്ള രാത്രികളിൽ ജന്നൽ ഓരത്തു അവളെ ചേർത്തണച്ചു  നിന്ന് താൻ കണ്ട സ്വപ്നങ്ങളെക്കുറിച്ചു അവളോട് പറയുന്നതുമെല്ലാം  എത്രയോ വട്ടം അവൻ ഓർത്തിരിക്കുന്നു ..

ഒരിക്കൽ കൂട്ടുകാരൻ ജോണിനോട്  മിനിമോളും താനുമായുള്ള അടുപ്പത്തെക്കുറിച്ചു  പറഞ്ഞപ്പോളാണ് ഗിരീഷ്  അവളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ അറിയുന്നത്.

ഡാ ...ഇത് വേണ്ടാട്ടോ ...നിന്റെ തടി വെറുതെ ചീത്തയാക്കണ്ട ...

അവള് ആരാണെന്ന് നിനക്ക് അറിയാമോ?

എല്ലാ കാര്യങ്ങളിലും തന്റെ ഒപ്പം നിന്ന കൂട്ടുകാരന്റെ വാക്കുകൾ അവനെ അത്ഭുതപ്പെടുത്തി 

അവൾ  എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് .

അവൻ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഓർത്തുകൊണ്ട് അവൻ  പറഞ്ഞു .

അവള് നമ്മടെ മാത്തച്ചൻ മുതലായിയുടെ മകളാണ് 
അത് നിനക്കറിയുമോ ?

പോടാ അവളുടെ അച്ഛൻ ഒരു സെക്യൂരിറ്റി ആണ് .

ചിരിച്ചു തലയാട്ടികൊണ്ടു അവൻ  പറഞ്ഞു 

ഉം ...എന്റെ ഗിരി  അവള് നിന്നെ പറ്റിച്ചതാണ് 

 അവരുടെ ബാങ്കിലെ പൈസാ പിരിവ്  കൊടുക്കാൻ ചിലപ്പോൾ അവരുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോൾ അവളെ കണ്ടിട്ടുണ്ട്.

പോരാത്തത്തിന് രണ്ട് മതവും അവള് നസ്രാണി 
കുട്ടിയാടാ .പള്ളിയിൽ വെച്ച് മിക്കവാറും ഞാൻ അവളെ കാണാറുണ്ട് .

അയാൾ ആരാണെന്ന് നിനക്കറിയാല്ലോ ...?

പിന്നെ ഇവിടെയുള്ള കട മുറികളിൽ പകുതിയും അയാളുടേതാണെന്ന് നിനക്ക് അറിയാലോ...? 

പിന്നെ ടൗണിൽ രണ്ട് സ്വർണ്ണക്കട  ...സിനിമ തീയേറ്റർ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്  ..എന്നുവേണ്ട എല്ലാം 
അയാൾക്ക്‌ ഉണ്ട്‌ .

പിന്നെ എന്തിനും പോന്ന മൂന്ന് ആങ്ങളമാരുണ്ട് അവൾക്ക്  ...തനി ഗുണ്ടകൾ ...

ഇത് നമുക്ക് വേണ്ടാട്ടോടാ ....

ഗിരിയുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു 

അവൻ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ ഗിരി  നിന്നു .
ഇനി അവള് വരുമ്പോൾ എല്ലാം ചോദിച്ചു മനസ്സിലാക്കണം. അവൻ  മനസ്സിൽ ഉറച്ചിരുന്നു 

പതിവുപോലെ പിറ്റേ ദിവസവും അവൾ കടയിൽ എത്തി .

കടയിൽ നല്ല തിരക്കുണ്ടായിരുന്നകൊണ്ട് അവർ  ഒന്നും സംസാരിച്ചില്ല 

അവൾ ഒരോ സാധനങ്ങൾ നോക്കി ചുറ്റികറങ്ങി നടന്നു.  

ആള് കുറഞ്ഞിട്ടും അവളോട് അവൻ വല്യ അടുപ്പം കാണിച്ചില്ല 

എന്താ ഇന്നു വല്യ ഗമ ...?

കൗഡറിനടുത്തു ചെന്ന് ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. 

നീ മാത്തച്ചൻ മുതലാളിയുടെ മകളാണോ ...?

കാല്ക്കുലേറ്ററിൽ എന്തോ കണക്കുകൾ കൂട്ടി നിന്ന അവൻ മുഖമുയർത്തി  ഗൗരവത്തിൽ തന്നെ അവളോട് 
ചോദിച്ചു 

അവളുടെ മുഖത്ത് നിറഞ്ഞു നിന്ന ചിരി പതിയെ മാഞ്ഞു.

ഉം ...അവൾ തറയിലേക്ക് നോക്കി തലകുലുക്കി കൊണ്ട് മൂളി.

നീ എന്നെ ചതിക്കുകയായിരുന്നല്ലേ ...?

ഇവിടുത്തെ  നിന്റെ പഠിത്തം  കഴിയുന്നതു വരെയും ഞാൻ നിനക്കൊരു നേരമ്പോക്ക് അല്ലേ ?

ദേഷ്യവും സങ്കടവും അവന്റെ 
വാക്കുകളിൽ ഇഴപാകി നിന്നു 

അല്ല ...ഗിരീഷേട്ടാ ഞാൻ മാത്തച്ചൻ മുതലാളിയുടെ മകളാണെന്ന് അറിഞ്ഞാൽ ഗിരീഷേട്ടന്റെ സ്നേഹം എനിക്ക് നഷ്ടമാകുമോ എന്ന് ഞാൻ പേടിച്ചു.

നീ ഒന്നും പറയണ്ട നമുക്ക് ഇത് ഇവിടെ വെച്ച് 
അവസാനിപ്പിക്കാം ...

നമ്മൾ തമ്മിൽ കണ്ടിട്ടില്ല എന്ന് ഓർത്താ മതി ...

ഗിരീഷേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്  ... 

ഇനി എനിക്കു ഒന്നും കേൾക്കണ്ട .ഇവിടുന്നു ഒന്ന് പോയി തന്നാ മതി ...

കൈകൾ കൂപ്പി അവൻ  അത് പറയുമ്പോൾ അവളുടെ കൺകോണിൽ ഉതിരുവാൻ വെമ്പി നീർമണികൾ തുടിച്ചു നിന്നിരുന്നു  .ഒന്നും പറയാതെ അവൾ പെട്ടന്ന് കടയിൽ നിന്നും ഇറങ്ങി  പോയി ...

പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ തന്റെ 
ചിതറിപ്പോയ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്തു അവൻ നീറിപ്പുകയുകയായിരുന്നു . 

അന്ന് അങ്ങനെ ഒക്കെ അവളോട് പറഞ്ഞെങ്കിലും അവളെ ഒന്ന് കാണുവാൻ  അവന്റെ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു. 

കുറച്ചു ദിവസത്തേക്ക് അവൾ അങ്ങോട്ട് വന്നതേയില്ല ...
പിന്നെ ഒരിക്കൽ കടയിൽ വന്ന പെൺകുട്ടികൾ, അവർ കുപ്പിവളകളെപ്പോലെ കലപില കൂട്ടി ഒരോന്നും നോക്കുകയായിരിന്നു .

അപ്പോഴാണ് അവർക്കിടയിലൂടെ  കല്ലു കമ്മലുകളുടെ സ്റ്റാൻഡിൽ വെറുതെ എന്തോ തിരഞ്ഞു നിൽക്കുന്ന അവളെ അവൻ കണ്ടത് .

ചുവന്ന ബോർഡറിൽ കസവു നൂല് പാകിയ 
വെള്ള പാടയും ബ്ലൗസും ആയിരുന്നു 
അവളുടെ വേഷം ...അലസമായി കെട്ടിയ മുടിയിൽ പിച്ചിപ്പൂമാലയില്ല ...കണ്ണിൽ കരിമഷിയില്ലാതെ  കണ്ണുകൾ വിളറിയിരുന്നു ..

ഇത് എത്രയാ...?

ഒരു പച്ച കല്ല്  മൂക്കുത്തി അവന് ‌ നേരെ നീട്ടി അവൾ ചോദിച്ചു 

ഇത് മതിയോ ..?ആ മൂക്കുത്തി അവൾ അവന്റെ കൈയിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവൻ ചോദിച്ചു 

ഉം ...മതി ...

ഇതിനു പൈസ ഒന്നും വേണ്ട ഇത് ഇയാൾക്കുള്ള എന്റെ ചെറിയ  ഒരു ചെറിയ സമ്മാനമാണ് ...

ഒരു ചെറിയ ബ്രൗൺ പേപ്പർ കവറിൽ മൂക്കുത്തിയിട്ടു   അവൾക്ക്  നേരെ നീട്ടിക്കൊണ്ടു  നേർത്ത ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു . 

പതിവുള്ള എതിർപ്പുകളൊന്നും 
പറയാതെ അവൾ അത് മേടിച്ചു തന്റെ ഹാൻഡ് ബാഗിൽ ഇടുന്നതിനിടയിൽ  ചിരിക്കാൻ ശ്രമിച്ചുകൊണ്ട്  പറഞ്ഞു 

ഗിരീഷേട്ടാ ....ഏട്ടനെ ഞാൻ ആത്മാർത്ഥമായിട്ടാ സ്നേഹിച്ചത് ....ഗിരീഷേട്ടൻ വിളിച്ചാ ഞാൻ എങ്ങോട്ടു വേണമെങ്കിലും  വരാം ....ഏട്ടന്റെ  കൂടെ അല്ലാതെ എനിക്ക് ഒരു ജീവിതം ഉണ്ടാവില്ല ...

 അത്‌ എനിക്ക് ചിന്തിക്കുവാൻ കൂടി പറ്റില്ല ...അത്രമാത്രം ഞാൻ ഗിരീഷേട്ടനെ സ്നേഹിച്ചു പോയി ...മറ്റുള്ളവരുടെ മുൻപിൽ ഞാൻ വല്യ മുതലാളിയുടെ മകൾ ....ഇഷ്ട്ടം പോലേ കാശ് ...സ്വത്ത് ...കൊട്ടാരം പോലുള്ള വീട് ...ആഡംബര കാറുകൾ .....പക്ഷേ സ്നേഹം നല്കാൻ മാത്രം ആരുമില്ല ...

അമ്മച്ചി മരിച്ചതോടെ ഞാൻ സ്നേഹം അറിഞ്ഞിട്ടില്ല. മൂത്ത ചേട്ടത്തിയാണ് കുടുംബ ഭരണം ...എന്നോട് സംസാരം തീരെ ഇല്ല ...എപ്പോളും കൂട്ടുകാരുമായി മാളുകളിൽ കറക്കവും ഷോപ്പിങ്ങും വിമെൻസ് ക്ലബ്ബുമായി കഴിയുന്ന ചേട്ടത്തിക്ക് അതിനൊക്കെ എവിടാ  നേരം.

സംസാരിക്കുമ്പോൾ തന്റെ മുന്നിലെ സ്റ്റാൻഡിലെ കമ്മലുകളെ അവൾ വെറുതെ തൊട്ടു തലോടുന്നുണ്ടായിരുന്നു ...

സമയാ സമയത്തു വെച്ചു വിളമ്പി തരാനും ഡ്രെസ്സ് അലക്കി തേച്ചു തരാനുമൊക്കെ  ജോലിക്കാരുണ്ടല്ലോ. പിന്നെ എനിക്ക് എന്തു വേണം ...?ആരോടെങ്കിലും ഒന്ന് മിണ്ടാൻ കൊതിയാണ് ...ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ കൊതിയാണ് .....

അവളുടെ വിളറിയ കണ്ണുകൾ നീർ തടാകങ്ങളായി ...
ആങ്ങളമാരാണെങ്കിൽ എന്നെ ഇടവും വലവും തിരിയാൻ സമ്മതിക്കാറില്ല.

ആദ്യം ഡിഗ്രിക്ക് 
ഞാൻ ടൗണിലെ കോളേജിൽ  ആണ് പഠിച്ചത് ..

കൊച്ചേട്ടനാണ് എന്നെ കൊണ്ട് വിടുന്നതും തിരിച്ചു വിളിച്ചു കൊണ്ട് വരുന്നതും 

അവിടെ എനിക്കു നല്ലൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു സഞ്ജീവ് .അവൻ കൂറേ വായിക്കും .അവന്റെ കൈയിൽ കൂറേ പുസ്തകങ്ങൾ ഉണ്ട്‌. അവൻ അതൊക്കെ എനിക്ക് വായിക്കാൻ തരാറുണ്ട് .ഒരിക്കൽ ക്ലാസ് കഴിഞ്ഞു പോരുമ്പോൾ അവൻ എനിക്ക് ഒരു പുസ്തകം  തന്നു .

എന്നെ വിളിക്കാൻ വന്ന കൊച്ചേട്ടൻ  അത് കണ്ടു പ്രശ്നമായി ....അവനുമായി ഉന്തലും തള്ളലുമൊക്കെയായി ആകെ വല്യ പ്രശ്നം.
അച്ഛനോട് പറഞ്ഞു അവൻ എനിക്ക് പുസ്തകത്തിൽ  പ്രണയ ലേഖനം  വെച്ചു തന്നിട്ടുണ്ട് എന്നൊക്കെ. അച്ഛൻ അന്ന് ബെൽറ്റ് കൊണ്ട് അടിച്ച പാട് ഇന്നുമുണ്ട് എന്റെ ദേഹത്ത് .

ഒന്ന് തടുക്കാൻ പോലും ആരും ഉണ്ടായില്ല ...അവളുടെ കണ്ണിലെ നീർമണികൾ സാവധാനം  കവിളിലൂടെ അരിച്ചിറങ്ങി .

അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു ...
എന്റെ പഠിപ്പ് മുടങ്ങി ....കല്യാണ ആലോചനകൾ 
തുടങ്ങി ...

വല്യ സ്ഥലത്തു നിന്നൊക്കെയാണ് ആലോചനകൾ നോക്കിയത് .പക്ഷേ  ഈ കാലത് ഒരു ഡിഗ്രി പോലുമില്ലത്ത ഒരു പെൺകുട്ടിയെ കെട്ടാൻ അവരാരും തയ്യാറല്ലായിരുന്നു .  

അങ്ങനെയാണ് വീടിന് അടുത്തുള്ള ഈ കോളേജിൽ എന്നെ ചേർത്തത് .കൊച്ചേട്ടൻ എല്ലാ ദിവസവും വരുമായിരുന്നു .

ഇപ്പോൾ അച്ഛന് പഴയ പോലേ ഓടിച്ചാടി നടന്ന് എല്ലാം നോക്കി നടത്താൻ വയ്യ ...മൂത്ത രണ്ടാളും എപ്പോളും ബിസിനസ് ടൂർ തന്നെ ...അപ്പോൾ ഇവിടെയുള്ള കാര്യങ്ങൾ നോക്കി കൊച്ചേട്ടനും തിരക്കായി .

സെക്കന്റ് ഇയർ ആയപ്പോൾ  എന്നെ എല്ലാ ദിവസവും വീട്ടിലെ ഡ്രൈവർ വാസുവേട്ടനാണ്  കൊണ്ടുവിടുന്നത്.
കോളേജിലേ ഗേറ്റ്  വരെ എന്നെ കൊണ്ട് വിടും.

വാസുവേട്ടൻ  പോയി കഴിയുമ്പോൾ ഞാൻ ഇങ്ങോട്ടു ഓടി വരും .ആദ്യമൊക്കെ ഈ പത്തടി ദൂരം ഒന്ന് ഒറ്റയ്ക്ക് നടക്കാൻ കൊതിച്ചാണ് ഞാൻ ഇവിടെ വന്നത് .പിന്നീട് പിന്നീട് ഗിരീഷേട്ടനെ ഒന്ന് കാണാൻ വേണ്ടി  ...ഒന്ന് മിണ്ടാൻ വേണ്ടി  ...ഞാൻ ആരേയും ചതിച്ചിട്ടില്ല ഇതുവരെയും ...ഇനിയൊട്ടു ആരേയും ചതിക്കുകയുമില്ല .

അവളുടെ വാക്കുകൾ തേങ്ങലുകൾ മുറിച്ചു തുടങ്ങിയിരുന്നു ..
 
മറുപടിക്ക് കാത്തു നില്കാതെ കണ്ണീർ ചാലുകളെ പുറം കൈകൊണ്ടു തൂത്തു കൊണ്ട് അവൾ കടയിൽ നിന്നും പോയി  ...

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ അങ്ങനെ തന്നെ  നിന്നു .പിന്നെ മനസ്സിൽ നിറഞ്ഞു പൊങ്ങിയ സന്തോഷം  ചുണ്ടിൽ  ചിരിയായി പരന്നു .. ..

അവളോട് അന്ന് കയർത്തു സംസാരിച്ചതിന് അവന് ഒത്തിരി വിഷം തോന്നി.

പെട്ടന്നു തന്നെ  അവൻ  കടയിൽ നിന്നും പുറത്തിറങ്ങി. 

അവൾ കുറച്ചു ദൂരെയായി തല കുനിച്ചു തിടുക്കത്തിൽ നടന്നു പോകുന്നത്  കണ്ട് പിറകെ ചെന്ന്  വിളിച്ചു.

അവൾ അവനു നേരെ തിരിഞ്ഞതും അടുത്തു കൂടി പോയ ഒരു കാർ പെട്ടന്ന് നിർത്തി മുൻ സീറ്റിൽ ഇരുന്ന ആൾ  പുറത്തേക്കു ചാടി ഇറങ്ങി. 

അയാളെ  കണ്ടതും അവളുടെ മുഖത്ത് ഭയം നിഴലിട്ടു 

ശരിക്കും സിനിമയിലെ ഗുണ്ടയെപ്പോലെ  തോന്നുന്ന നല്ല കട്ടി മീശയും താടിയുമുള്ള തടിച്ചു കുറുകിയ ഒരു ചെറുപ്പക്കാരൻ. നീട്ടി വളർത്തിയ അയാളുടെ മുടിയിൽ ബ്രൗൺ കളറിലെ ചായം തേച്ചിരുന്നു ... സ്പോർട്സ് ഡ്രെസ്സ് ആയിരുന്നു അയാളുടെ വേഷം. 
അയാളുടെ വലതു കൈ തണ്ടയിൽ സ്റ്റീലിൽ തീർത്ത ഒരു വളയം ഇട്ടിരുന്നു.

ജോണി പറഞ്ഞത് അനുസരിച്ചു ഇത് അവളുടെ ആങ്ങളമാരായിരിക്കും അവൻ ഓർത്തു 

ടീ ഇവനാരടീ ... ഉറക്കെ കയർത്തു കൊണ്ട് അയാൾ   അവളുടെ നേരെ തിരിഞ്ഞു.

എനിക്ക്  അറിയില്ല ....

അവന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കികൊണ്ട് അവൾ പറഞ്ഞു .

നീ കാറിലോട്ടു  കേറ്  ...അയാൾ അവളോട് ആജ്ഞാപിച്ചു.   എന്നിട്ട് അയാൾ അവന്റെ നേരെ  തിരിഞ്ഞു 
 
നീ പെൺകുട്ടികളെ വഴിനടക്കാൻ  വിടില്ല അല്ലേടാ.... ?എന്ന് ചോദിച്ചു  തല്ലാൻ കൈ ഓങ്ങി കൊണ്ട്  അവന്റെ നേരെ പാഞ്ഞടുത്തു.
എനിക്ക് ഇവളെ  ഇഷ്ടമാണ് ...കൈ തടുത്തുകൊണ്ടു അവൻ പറഞ്ഞു .

അത് കേട്ടതും ...അയാൾ അവനെ ചവിട്ടി നിലത്തിട്ടു 
എന്നിട്ട് പല്ലു കടിച്ചുകൊണ്ട് മിനിമോളോട് ചോദിച്ചു. 
ഇവൻ ഈ  പറയുന്നത് നേരാണോ നിനക്ക് ഇവനെ ഇഷ്ടമാണോ ?

എനിക്ക്‌ ഇയാള്  ആരാണെന്നും പോലും അറിയില്ല  ....

അയാളെ എതിർക്കുവാനുള്ള കരുത്തു 
അവനുണ്ടായിട്ടും,എഴുനേൽക്കാൻ തുടങ്ങിയ ഗിരീഷിനെ അവളുടെ വാക്കുകൾ തളർത്തി ...

ഉടനെ അയാൾ  വണ്ടിയുടെ ഡിക്കിയിൽ  നിന്നും ഒരു ഹോക്കി സ്റ്റിക് പുറത്തെടുത്തു അവന്റെ 
നേരെ വന്നു .അയാൾ ഒരു പട്ടിയെ തല്ലുന്നതുപോലേ അവനെ നടു റോട്ടിൽ ഇട്ട്    തലങ്ങും വിലങ്ങും തല്ലി ...

വേദനകൊണ്ടു അവൻ   ഉറക്കെ  നിലവിളിച്ചു. രക്തത്തിന്റെ  ചുവ  നാവ് നനച്ചു.

ബോധം മറയുമ്പോൾ അവിടെ  ഉണ്ടായിരുന്ന ആരൊക്കയോ  ഓടിക്കൂടുന്നത് അവൻ  അവ്യക്തമായി  കണ്ടു.

ബോധം വീണ് കിട്ടുമ്പോൾ ആശുപത്രിയിൽ  തന്റെ കടലിന്  അരികിലിരുന്നു തന്നെ ആകുലതയോടെ നോക്കുന്ന  അമ്മയുടെ കണ്ണീരുപ്പ് 
ഉണങ്ങി ചാലു തീർത്ത മുഖമാണ് കണ്ടത് .

അവൻ  കണ്ണുതുറന്നതും അമ്മയുടെ കണ്ണുകൾ വിടർന്നു അവന്റെ കൈകൾ ചേർത്തു പിടിച്ചു അമ്മ  കരഞ്ഞു 

പിന്നെ നഴ്സിനെ വിളിക്കാൻ അമ്മ ഓടുന്നതും കണ്ടുകൊണ്ട്  അവന്റെ  
ബോധം വീണ്ടും പതിയെ മറഞ്ഞു  തുടങ്ങി 

നട്ടെല്ലിന് നല്ല ക്ഷതമുണ്ടായിരുന്നു കുറേനാളത്തെ  ആശുപത്രിവാസവും ...പിന്നെ കുറെ ആയൂർവേദ ചികിത്സയും അമ്മയുടെ പ്രാർഥനക്കും ഒക്കെ 
 ശേഷമാണ് പരസഹായത്തോടെ ഇപ്പോൾ പിടിച്ചു നടക്കാൻ തുടങ്ങിയത് ..

ആദ്യം അവർക്ക് എതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞു .

അമ്മ വല്യമ്മാവനുമായി ഇതിനേക്കുറിച്ചു സംസാരിക്കുമ്പോൾ വല്യമ്മാവൻ പറയുന്നത് കേട്ടു ...

അവർക്ക് എതിരെ നമ്മളെപ്പോലുള്ളവർ കേസ് കൊടുത്തിട്ടു എന്തു ചെയ്യാനാണ് .അത്താഴ പട്ടിണിക്കാരായ നമ്മളെപോലുള്ളവർക്കു ഒന്നും ചോദ്യം ചെയ്യുവാൻ അവകാശമില്ല .

പോലീസിനും വക്കീലിനും  കടം മേടിച്ചു വെറുതെ കാശു കൊടുക്കാം .
നമ്മളെപ്പോലുള്ളവരെ നടു റോട്ടിൽ ഇട്ട് തല്ലി കൊന്നാലും ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല.ഇവനെ തല്ലി ചതക്കുന്നതു പലരും കണ്ടിരുന്നു  .അവരിൽ പലരും അയാളുടെ കടയിൽ വാടകയ്ക്കു കച്ചവടം നടത്തുന്നവരും .അവർക്കെതിരെ സാക്ഷി പറയാൻ ആര് വരും?ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ...

പിന്നെ അവരുടെ പെങ്ങളെ ഇവൻ 
പുറകേ നടന്നു പതിവായി ശല്യപ്പെടുത്താറുണ്ടെന്നോ മറ്റോ പറഞ്ഞു കേസ് അവര് ഇവന്   നേരെ തിരിക്കും.

അതിനുള്ള സ്വാധീനവും പണവുമൊക്കെ അവർക്ക് ധരാളമുണ്ട് താനും.

വല്യമ്മാവൻ പറഞ്ഞത് കാര്യമാണെന്ന് 
എനിക്കും  തോന്നി.അല്ലെങ്കിൽ തന്നെ ഇനി ഇതിനൊക്കെ പുറകെ നടക്കാൻ ആരെക്കൊണ്ടാവും.

ഇപ്പോൾ ഒരു വിധം ഭേദപ്പെട്ട് വരികയാണ്  മനസ്സും ശരീരവും ...അതിനിടയ്ക്കാണ് മിനിക്കുട്ടി  അമ്മയെ ഫോണിൽ വിളിച്ചത് ....

എന്നാലും എത്ര ലാഘവത്തോടെയാണ് എന്നെ അറിയില്ല എന്ന് അവൾ പറഞ്ഞത് ...ഒരു പക്ഷേ ആങ്ങളമാരെ പേടിച്ചിട്ടായിരിക്കും ....ഏതായാലും ഇനി ആ അദ്ധ്യായം തുറക്കാൻ പോണില്ല ...കൈകൾ പിണച്ചു വിരലുകളിൽ ഞൊട്ട ഇട്ടുകൊണ്ട് അവൻ ഓർത്തു .

അപ്പോൾ പുറത്തു ഒരു വണ്ടി വന്ന് നില്ക്കുന്ന ശബ്‌ദം  കേട്ടു  

മിനിമോൾ ആയിരിക്കും 

അവൻ ഓർത്തു 

ചാരിയ വാതിൽ പതിയെ തുറന്നു മിനിമോൾ അകത്തു വന്നു ...

അവൾ   ആകെ മാറിയിരിക്കുന്നു.നന്നേ ക്ഷീണിച്ചിട്ടുണ്ട്.  കണ്ണിനു ചുറ്റും നേർത്ത കറുപ്പ് രാശി 
പടർന്നിട്ടുണ്ട് ...

മുഖത്തെ വിളർച്ച  വാടിയ ഒരു വെള്ളാമ്പൽ പോലെയാക്കിരിക്കുന്നു  അവളുടെ മുഖം ...

അവന്റെ ബെഡിന്നരികിൽ അരികിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കസേരയിൽ അവൾ ഇരുന്നു  ...തന്റെ കൈകൾക്കുള്ളിൽ അവന്റെ കൈകൾ ചേർത്തു വെച്ചു .

കൈകൾ പിൻവലിക്കാൻ മനസ്സിൽ തോന്നിയെങ്കിലും ആ കൈകളോട് ചേർന്നിരിക്കാൻ അവന്റെ ഹൃദയം ഒരുപാട് ആഗ്രഹിച്ചു .

അവളുടെ കൈ വിരലുകൾക്ക് നല്ല തണുപ്പുണ്ടായിരുന്നു ...ഏറെ മിനുസവും 

പതിയെ അവൾ അവന്റെ കൈകൾ തന്റെ ചുണ്ടോടു ചേർത്തു ...അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു ...കണ്ണുകൾ കര കവിഞ്ഞൊഴുകി അവന്റെ കൈകൾ നനയിച്ചു ...

എന്നോട് ക്ഷമിക്കണം ....അന്ന് ഞാൻ ഗിരീഷേട്ടനേ അറിയില്ല എന്ന് പറഞ്ഞത് ആങ്ങളമാർ എന്നെ തല്ലുമെന്നോ ....അച്ഛന്റെ ബെൽറ്റുകൊണ്ടുള്ള അടി പേടിച്ചിട്ടോ അല്ല ...എനിക്കു ഇഷ്ടമാണെന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു ....അങ്ങനെ പറഞ്ഞിരുന്നെങ്കിൽ  അവര് ഗിരീഷേട്ടനെ  കൊന്ന് വല്ലോ റെയിൽവേ ട്രാക്കിലോ കായലിലോ വാലിച്ചെറിഞ്ഞേനെ. എനിക്കു അറിയാം അവരെ ...

അമ്മ സംസാരം കേട്ട്  അങ്ങോട്ട് വന്ന് ചോദിച്ചു ...ആരാ മോനേ അത് ...?

അമ്മയുടെ മരുമകളാണ് പോരോന്നും എടുത്തേക്കല്ലേ  എന്ന് പലവട്ടം തമാശ പറഞ്ഞു മൊബൈലിൽ കാണിച്ചു തന്ന പെൺകുട്ടിയെ നേരിൽ കണ്ട് അമ്മ നോക്കി നിന്നു. പിന്നെ അമ്മയുടെ നിറഞ്ഞ മിഴികൾ അവർ  കാണാതെ അവിടെ നിന്നും അടുക്കളയിലേക്കു നടന്നു  

എന്റെ  കല്യാണം എന്റെ അനുവാദം ഇല്ലാതെ ഉറപ്പിച്ചു ....പക്ഷേ ഞാൻ സമ്മതിക്കില്ല ....
അത് പറഞ്ഞപ്പോൾ അവൻ തേങ്ങലുകൾ പുറത്തേക്കു പാറി വീഴാതെ തൊണ്ടകുഴിയിൽ അവയെ പിടിച്ചു നിർത്തി കണ്ണുകൾ കൂട്ടയടച്ചു ....

ഞാൻ ഇവിടെ ഗിരീഷേട്ടന്റെ കൂടെ താമസിക്കാൻ തയ്യാറയേനെ   ...ഗിരീഷേട്ടന്റെ ഭാര്യയായി... പക്ഷേ അവര് ഇപ്പോൾ അറിഞ്ഞാൽ ...എനിക്ക്‌ ചിന്തിക്കാൻ കൂടി വയ്യ ....എന്റെ ഈ മനസ്സിൽ എന്നും ഗിരീഷേട്ടൻ മാത്രമേ ഉണ്ടാവൂ ....ഗിരീഷേട്ടൻ ജീവനോടെ ഉണ്ടന്നുള്ള വിശ്വാസത്തിൽ ഞാനും ജീവിക്കും ...ഗിരീഷേട്ടൻ പഴയപോലെ ആകും ...അന്ന് ഞാൻ വരും ....

കണ്ണീരിൽ കുതിർന്ന അവളുടെ ഒരോ വാക്കുകളും അവന്റെ പ്രതീക്ഷകൾ കൊഴിഞ്ഞ കണ്ണുകളെയും  ഈറനണിയിക്കുന്നുണ്ടായിരുന്നു ...

അവർക്കിടയിലെ  നേർത്ത മൗനത്തിൽ ആ മുറിയിലെ ഒരു പഴയ ഘടികാരം ഉറച്ച ശബ്ദത്തിൽ സമയം ഓർമ്മപെടുത്തികൊണ്ടു മണി മുഴക്കി ...
ഞാൻ ഇറങ്ങട്ടെ ഗിരിഷേട്ടാ  ...?അവന്റെ കൈകളിലെ  പിടിമുറുക്കി കൊണ്ട്  അവൾ ചോദിച്ചു ...

അവളുടെ തണുത്ത വിരലുകളെ കൂടുതൽ ചേർത്തു പിടിക്കാൻ കൊതിച്ചുകൊണ്ട് അവൻ പറഞ്ഞു.

മിനിമോള് വീട്ടുകാര് പറയുന്ന പോലേ വിവാഹത്തിനു സമ്മതിക്കണം ....എനിക്ക് ഇനി ഒരു ജീവിതം ഒന്നും ഉണ്ടാവില്ല ....ഈ ഓർമ്മകളിൽ തന്നെ ഞാൻ ഇങ്ങനെ ജീവിച്ചു തീർത്തോളം ...

എല്ലാ നന്മകളും മിനിമോൾക്കു ഉണ്ടാകട്ടെ....അവരുടെ കൈകൾ തമ്മിൽ വേർപെടുമ്പോൾ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ....

കണ്ണിരിൽ കുതിർന്ന  മുഖത്തോടെ അവൾ നടന്നകലുന്ന   കാൽപ്പെരുമാറ്റം നേർത്തപ്പോൾ അവൻ കണ്ണുതുറന്നു നോക്കി ....

അവൾ കാറിൽ കയറി യാത്രയാകുമ്പോൾ തന്റെ കൈകൾ ഉയർത്തി  അവളെ അനുഗ്രഹിച്ചു ...

ആ ...മിനിമോള് പോയോ ...?

ചായയും കൊണ്ട് വന്ന അമ്മ ചോദിച്ചു 

പോയി ....

നിനക്ക് ചായ വേണോ ?

വേണ്ടമ്മേ ..,

എന്റെ മോനേ നിനക്കൊന്നു കരഞ്ഞുടെ ....എത്ര നാളായി   നീ ഇങ്ങനെ വീർപ്പുമുട്ടി ജീവിക്കുക ...
അവന്റെ നെറ്റിക്കിരുവശത്തും തിണർത്തു  നിൽക്കുന്ന ഞെരമ്പുകൾ നോക്കി അമ്മ നെടുവീർപ്പോടെ പറഞ്ഞു 

അമ്മ അത് പറഞ്ഞതും അവന്റെ ഉള്ളിൽ അടക്കിവെച്ച തേങ്ങലുകൾ പുറത്തേക്കു പാറി  വീണു .കണ്ണുകൾ കൊച്ചരുവികളായി ... തന്റെ മകന്റെ തലയിൽ സ്നേഹപൂർവ്വം തലോടി പിന്നെ  എന്തൊക്കയോ പിറുപിറുത്തു കരഞ്ഞു തളർന്നു തറയിൽ ഇരുന്നു . ....

പല്ലവീ ....മോളെ 
കുറച്ചു കഴിഞ്ഞു അടുക്കളപ്പുറത്തു നിന്നും അമ്മയുടെ നീട്ടിയുള്ള  വിളികേട്ടാണ് എങ്ങോ അലഞ്ഞു നടന്ന മനസ്സ് മടങ്ങിയെത്തിയത് 

എന്തിനാ അമ്മ ഇപ്പോൾ അവളെ വിളിക്കുന്നത്...
ആരെങ്കിലും അത് കേട്ടിട്ടുവേണം അടുത്ത കഥ ഉണ്ടാക്കാൻ ...അവൻ  ഓർത്തു 

അമ്മേ ....അമ്മ എന്തിനാ ഇപ്പോ അവളെ വിളിക്കുന്നത് ?

അടുക്കള പുറത്തേക്കു തല ചായ്ച്ചു നോക്കി അവൻ  ചോദിച്ചു . 

       
                                                          തുടരും .......
                                                                  നിവിയ റോയ്

No comments:

Post a Comment

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി ...